Thursday, June 25, 2009

ബൂലോകവും എന്റെ വിശ്വാസവും.

post :ബൂലോകവും എന്റെ വിശ്വാസവും.



പ്രിയ കനല്‍,

സാധാരണ ഗതിയില്‍ മത,രാഷ്ട്രീയ പോസ്റ്റുകള്‍ മുഴുവനായി വായിക്കാറില്ല. കമന്റുകള്‍ വളരെ അപൂര്‍വമായേ അത്തരം പോസ്റ്റുകളില്‍ ഇടാരുമുള്ളൂ. പ്രധാനകാര്യം പ്രസ്തുത വിഷയങ്ങളില്‍ അവഗാഹം കുറവാണ്. ഒപ്പം താല്‍പര്യവും. കാരണം ഇത് രണ്ടിന്റേയും ചര്‍ച്ചയുടെ ഫലം മിക്കപ്പോഴും എങ്ങുമെത്തില്ല. കാരണം താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് ചിന്തിക്കുന്നവനായാലും അതല്ല ചര്‍ച്ചയ്ക്ക് താല്പര്യം ഉള്ളവനായാലും വിഷയത്തിന്റെ അവസാനം തന്റെ ഇതുവരെയുള്ള മനോഗതി ചര്‍ച്ചയ്ക്ക് ശേഷം മാറ്റാനോ ചര്‍ച്ചയിലൂടെ മാറ്റാനോ താല്പര്യം കാട്ടാറില്ല. മതവും രാഷ്ട്രീയവും അത്രകണ്ട് അസ്ഥിയ്ക്കു പിടിക്കുന്ന അവസ്ഥ ധാരാളം പേരില്‍ ഉണ്ടാവാറുണ്ട് എന്നത് തന്നെ കാരണം.

ഈ അടുത്തകാലത്തായി അല്ലെങ്കില്‍ കുറെനാളായി ബ്ലോഗില്‍ ഈ രണ്ടുവിഷയത്തിലും ആണ് ഏറ്റവും വിവാദങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത്. ഈ രണ്ടുവിഷയവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റിന്റെ വിഷയം ആക്കാറില്ല. എന്നാല്‍ ഇത്തരം സംവാദം നടത്തുന്നവരെ വിശദമായി അപഗ്രഥിച്ച ഒരു പോസ്റ്റില്‍ കമന്റാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല എന്നതുകൊണ്ട്‌ ചെറിയ പ്രതികരണം നടത്തുന്നു. താങ്കള്‍ വളരെ വിശദമായി തന്നെ ഈക്കൂട്ടരെകുറിച്ച് എഴുതിയിട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ.

1. സ്വന്തം മാതാപിതാക്കളെക്കാള്‍ ദൈവത്തെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും നല്ലതുതന്നെ. അതിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുപോലെ ഒരു വിശ്വാസി മറ്റുമതങ്ങളെ പഠിക്കണം എന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് തന്നെ തന്റെ മുയലിനു മൂന്നു കൊമ്പു എന്ന് വിശ്വസിക്കുന്ന ഈ കൂട്ടര്‍ ചര്‍ച്ചയിലൂടെ തങ്ങളുടെ വിശ്വാസം എന്തായാലും മാറ്റാന്‍ ഒരുക്കമാവില്ല. അതുകൊണ്ട് തന്നെ തന്റെ ചിന്താധാരയുമായി ഏറെ വെത്യാസവും ചര്‍ച്ചയില്‍ ഒരുപക്ഷെ തന്റെ ചിന്തകളെയും വിശ്വാസങ്ങളെയും ഒരിക്കലും വിലമതിക്കില്ല എന്നുതോന്നുന്നയിടങ്ങളില്‍ നിന്ന് സ്വയം ഒഴിവാകുന്നതല്ലേ ബുദ്ധി. വിവരദോഷിയുമായി ഏറ്റുമുട്ടാതെ വഴിമാറി പോവുന്നവനല്ലേ നല്ല വിവരമുള്ളവന്‍. തന്റെ ആശയങ്ങളുമായി ചേരാത്തവന്‍ വിവരമില്ലാത്തവന്‍ എന്നല്ല ഇതിന്റെ അര്‍ത്ഥം. അനാവശ്യ വിവാദം ഒഴിവാക്കുക എന്നതുമാത്രം എടുത്താല്‍ മതി.

2.രണ്ടാമത് പറഞ്ഞത് ശത്രുവിന്റെ ശത്രു മിത്രം എന്നാ മാനദണ്ഡം നോക്കിയാണ്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ സ്വതന്ത്രമായ മത സ്വീകരണം നിയമം മൂലം സാധ്യം ആണെങ്കിലും മതം മാറ്റം പല സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതിനാല്‍ പലരും തങ്ങള്‍ ജനിച്ച വീട്ടിലെ അല്ലെങ്കില്‍ മാതാപിതാക്കളുടെ മതം സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാള്‍ പൂര്‍ണ്ണ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു ആ മതത്തില്‍ ജീവിക്കുകയാണ് എന്ന് പറയുക വയ്യ. അങ്ങനെ ജീവിക്കുന്നവര്‍ ഉണ്ടാകാം. ഇല്ലാതെയുമിരിക്കാം. അഥവാ എപ്പോഴെങ്കിലും മതം മാറണം എന്ന് തോന്നി മാറിയാല്‍ ഉണ്ടാകുന്ന പുകില് സാക്ഷാല്‍ മാധവിക്കുട്ടി തന്നെ അനുഭവിച്ചതാണല്ലോ. യുക്തിവാദികള്‍ നല്ലൊരു ശതമാനം നിരീശ്വരവാദികള്‍ കൂടി ആയതുകൊണ്ട് അവരോടു അത്തരം ചര്‍ച്ചയ്ക്ക് പോകാതിരിക്കുന്നതല്ലേ ഉചിതം. എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്നൊരു വാചകം മൂസയ്ക്ക് ഓര്‍മ്മകാണുമല്ലോ. ഇനി അഥവാ യുക്തിവാദികള്‍ ബലമായി മതം മാറ്റത്തിനോ അല്ലെങ്കില്‍ മത അവഹേളനത്തിനോ ശ്രമിച്ചാല്‍ നമ്മുക്ക് പ്രതികരിക്കമല്ലോ. ഇന്നും ഭാരതത്തില്‍ യുക്തിവാദികള്‍ മറ്റേതു മതത്തെക്കളും ന്യൂനപക്ഷമാണ്. ഒപ്പം മറ്റു ന്യൂനപക്ഷങ്ങളെ പോലെയല്ലല്ലോ അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനവും കുറവല്ലേ.

3. താങ്കള്‍ പറഞ്ഞ ഈ മൂന്നാമത്തെ കൂട്ടര്‍ താരതമ്യേന അപകടകാരികള്‍ അല്ലല്ലോ. ഒരേപോലെ വിശ്വാസികളോടും യുക്തിവാദികളോടും പ്രതികരിക്കുന്ന ഇവരില്‍ ചിലരെങ്കിലും സമദൂരവും പാലിക്കുന്നവര്‍ ഉണ്ടെന്നു മൂസ വിശ്വസിക്കുമല്ലോ. ഒരുപക്ഷെ മൃദുവാദികള്‍ എന്നും വിളിക്കാവുന്ന ഇവര്‍ ചര്‍ച്ചകളിലോ പ്രശ്നങ്ങളിലോ അത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് കരുതുക വയ്യ. എന്നാല്‍ അല്പം ഞരമ്പുരോഗം കൂടി ഇവരില്‍ ഉണ്ടെങ്കില്‍ രണ്ടുകൂട്ടരെയും തമ്മിലടിപ്പിക്കാന്‍ ഇവര്‍ കൂടിയെന്ന് വരും.

4.ഈ കൂട്ടര്‍ യുക്തിവാദികള്‍ക്ക് എതിരാണെന്ന് മൂസ സമ്മതിക്കുന്നല്ലോ. വിവരവും വിദ്യാഭാസവും മതബോധവും ഉള്ള ഇക്കൂട്ടര്‍ ഒരുപക്ഷെ സംയമനവും നല്ലപോലെ ഉള്ളവരാകും.ഇവരും പ്രശ്നക്കാര്‍ ആകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതില്‍ അത്ര ആത്മനിയന്ത്രണം ഇല്ലാത്തവര്‍ പ്രശ്നക്കാര്‍ ആയേക്കാം.

5. യുക്തിവാദികളും മനുഷ്യവാദികള്‍ അതായത് മനുഷ്യനാണ് ദൈവത്തെക്കാള്‍ കേമന്‍ എന്ന് പറയുന്നവന്‍ നിരീശ്വരവാദികള്‍ "ശാസ്ത്രകൊജ്ഞ്ഞാണെന്‍മാര്‍" തുടങ്ങിയവര്‍ ഇതില്‍പ്പെടും. എന്നാല്‍ മനുഷ്യത്വം എന്നുള്ളവര്‍ മറ്റുള്ളവരെ ആക്ഷേപിക്കാന്‍ പോകില്ല. കാരണം തന്റെ വിശ്വാസം ശരിയാണ് എന്ന് തോന്നുന്നവര്‍ അത് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവന്റെ തെറ്റ്കളെയോ വിശ്വാസങ്ങളെയോ ആക്ഷേപിക്കാന്‍ മുതിരില്ല. വിമര്‍ശനം എന്നാല്‍ ആക്ഷേപിക്കല്‍ ആണെന്ന് കരുതുന്നവന്റെ യുക്തിയും എനിക്ക് മനസ്സിലാകില്ല. എന്നാല്‍ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ സൌമ്യമായ നിലപാട്‌ എടുക്കുന്നവര്‍ യുക്തിവാദികള്‍ ആയിത്തന്നെ ധാരാളം ഉണ്ടല്ലോ. അവരൊന്നും ഇതത്ര എതിര്‍പ്പുകളും നേരിടേണ്ടി വരുന്നില്ല. അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് മിതവാദികള്‍ ആയ യുക്തിവാദികള്‍ പ്രശ്നക്കാരല്ല എന്നാണു.

ഇതിന്റെ ആകത്തുക വിശ്വാസി ആയാലും യുക്തിവാദി ആയാലും ഇനി സമദൂരക്കാരന്‍ ആയാലും മൃദുവാദി ആയി പ്രശ്നത്തെ നേരിട്ടാല്‍ സ്വന്തം തടികെടാകാതെയും കൂടുതല്‍ വാചാടോപങ്ങള്‍ നടത്തി വിദ്വേഷം സമ്പാദിക്കാതെയും ജീവിക്കാം. ഇനി ഈ മൂന്നുകൂട്ടരിലും മൃദുവാദം കൈവെടിഞ്ഞു തീവ്രവാദ സ്വഭാവത്തോടെ പ്രശ്നങ്ങളെ നേരിട്ടാല്‍ തിരിച്ചും അങ്ങനെ തന്നെ അനുഭവിക്കേണ്ടി വരും.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രതിഫലനങ്ങളെയും കുറിച്ച് താങ്കള്‍ എഴുതിയത് സുസ്ത്യര്‍ഹമാണ്. മതവിശ്വാസികളും യുക്തിവാദികളും അടങ്ങുന്നതാണ് ഈ സമൂഹം. ആര്‍ക്കും ആരെയും പൂര്‍ണമായി തിരുത്തി ജീവിക്കാന്‍ കഴിയില്ല. കഴിയുന്നതാകട്ടെ സ്വയം തിരുത്താനും. എല്ലാവരും സ്വയം തിരുത്തി ജീവിച്ചാല്‍ അത് സമൂഹത്തിന് തന്നെയാണ് മെച്ചം.

ഏതോ ഒരു ശക്തിയെ, അതിനെ ദൈവമെന്നു വിളിക്കണോ എന്നുപോലും എനിക്കറിയില്ല. പക്ഷെ ഒന്നുണ്ട് എന്ന് പലതവണ എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. പല അവസരങ്ങളില്‍ ആ അദൃശ്യശക്തിയെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മണം രുചി എന്നിവ താരതമ്യപ്പെടുത്തി വിശദീകരിക്കാമെങ്കിലും ഈ ശക്തിയെ അങ്ങനെയും വിശദീകരിക്കാനാവില്ല. എന്നാല്‍ അങ്ങനെ ഒന്നും ഇല്ലാ എന്ന് വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യമായി കണ്ടു അവരോടു ദേഷ്യം വരാതെയിരിക്കാനും പൂര്‍ണ്ണവിശ്വാസിയെ അയാള്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിച്ചു അയാളെയും അംഗീകരിക്കാനും എനിക്കിന്ന് കഴിയുന്നുണ്ട്. എന്റെ കഴിവാണ് എന്നവകാശമില്ല പക്ഷെ ഈ മുപ്പത്തി രണ്ടു വര്‍ഷത്തെ ഊര്തെണ്ടലിലൂടെയും പല മനുഷ്യരെയും അവരുടെ ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈ ചെറിയ ജീവിതത്തില്‍ വിദ്വേഷം പേറി ജീവിക്കുമ്പോള്‍ കിട്ടുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി നശിപ്പിക്കുന്നത് സ്വന്തം മനസിനെയും ശരീരത്തിനെയും ആണെന്ന തിരിച്ചറിവും.

ഈ നല്ല പോസ്റ്റിനു നന്ദി പറയുന്നു. ഒരുപക്ഷെ ഒരു പോസ്റ്റ്‌ വളരെ തവണ വായിച്ചത് ഞാന്‍ ബൂലോഗത്ത് വന്നതിനു ശേഷം ആദ്യമായാണ്. അല്ലെങ്കില്‍ ഇത്രതവണ വായിച്ച വേറെ പോസ്റ്റ് ഇല്ലായെന്ന് പറയാം. ഒപ്പം എന്റെ മനസ്സ് നിറഞ്ഞു ഒരു കമന്റും ഇടാന്‍ കഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ ഈ കമന്റ് ഇഷ്ടമായില്ലെങ്കില്‍ തീര്‍ച്ചയായും ഡിലീറ്റ്‌ ചെയ്യുക.

സ്നേഹപൂര്‍വ്വം
(ദീപക് രാജ് )

Saturday, June 20, 2009

ഡോക്കിംങ് എന്ന ക്രൂരത : comment

POST : ഡോക്കിംങ് എന്ന ക്രൂരത

പ്രിയ അനില്‍ @ബ്ലോഗ്‌

വളരെ നല്ല ഈ പോസ്റ്റിനു ആദ്യം തന്നെ നന്ദി. എന്റെ പട്ടികള്‍ എന്ന ബ്ലോഗിന്റെ അവസാന പോസ്റ്റായി ഞാന്‍ ഇടാന്‍ കരുതിയിരുന്ന ടോപ്പിക്ക് ആണ് ഇത്. ഏതായാലും ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്ന സ്ഥിതിയ്ക്ക്‌ ഇതിന്റെ മറുപടിയായി പറയാം.

നായകള്‍ക്ക് വാല്‍ ആവശ്യമുണ്ടോ എന്നതല്ല ചോദ്യം. ഉള്ള വാല്‍ മുറിച്ചു കളയണോ എന്നതാണ് വിഷയം. ആദ്യം രസകരമായ ഒരു ഉത്തരത്തോടെ തുടങ്ങാം. നായകള്‍ നന്ദി പ്രകടിപ്പിക്കുന്നത് അല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് വാലാട്ടിയാണ്. വാലില്ലാത്ത നായ പിന്നെ എന്താട്ടും.?

ഡോക്കിംഗ് അല്ലെങ്കില്‍ ബോബിംഗ് എന്ന വാല്‍മുറിയ്ക്കല്‍ ബ്രിട്ടനില്‍ നിയമപ്രകാരം തുടങ്ങിവച്ചപ്പോള്‍ ആരെങ്കിലും തങ്ങളുടെ നായകള്‍ക്ക് വാല്‍ വയ്ക്കണം എന്നാഗ്രചിച്ചാല്‍ വാല്‍ക്കരം കൊടുക്കണം എന്നൊരു വെവസ്ഥ വന്നു.ഇതിന്റെ കാരണം വാലുള്ള നായകള്‍ക്ക് പേ വിഷബാധയും മറ്റസുഖങ്ങളും കൂടുതാലാണ് എന്ന കണ്ടെത്തല്‍ ആണ്. പിന്നീട് ഇത് മണ്ടത്തരം ആണെന്ന് തെളിഞ്ഞു. വാലുള്ള നായകള്‍ക്ക് അതിന്റെ ടാക്സ്‌ കെട്ടണം. തന്മൂലം മിക്ക നയവളര്‍ത്തല്‍കാരും നായകളുടെ വാല്‍ മുറിക്കല്‍ തുടങ്ങി. ഇപ്പോള്‍ ഏകദേശം അമേരിക്കന്‍ കേന്നേല്‍ ക്ലബ്‌ അംഗീകരിച്ച പതിനേഴെണ്ണം ഉള്‍പ്പെടെ ഏകദേശം ഇരുപതു നായകള്‍ക്കാണ് ഈ പ്രാകൃതമായ വാല്‍മുറിയ്ക്കല്‍ ഭീഷണി നേരിടെണ്ടിവരുന്നത്‌. ഇതില്‍ പ്രധാനികള്‍ നമ്മുടെ റോട്ട് വീലര്‍, ബുള്‍ മാസ്റ്റിഫ്, ഡോബര്‍മാന്‍ തുടങ്ങിയവയ്ക്കാണ്.

അനില്‍ ഇതില്‍ വസ്തുതകളായി പറഞ്ഞ കാര്യങ്ങളെ നോക്കാം.

1. നൂറ്റാണ്ടുകളായി പാലിക്കപ്പെടുന്ന കാര്യം.
അന്ന് അങ്ങനെ നിയമം ഉണ്ടായിരുന്നു. ഇന്ന് ആ നിയമം തന്നെ മാറി (ഇന്ത്യയില്‍ വാല്‍മുറിയ്ക്കല്‍ നിരോധിച്ചിട്ടില്ല. അമേരിക്കയിലും. പക്ഷെ അമേരിക്കയില്‍ രണ്ടു സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമം വരുത്താനുള്ള ഒരുക്കത്തിലാണ്) നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ഈ കാര്യം ഇവിടെ നിയമം വരാതെ അനുസരിക്കില്ല എന്നുപറയുന്നവര്‍ ആ ജീവികളോടു കാട്ടുന്ന ക്രൂരതയാണ് ചെയ്യുന്നതെന്ന് അംഗീകരിക്കുന്നില്ല. ആ നിയമം തെറ്റായിരുന്നെന്നു ബ്രിട്ടീഷ്കാര്‍ക്ക് മനസ്സിലായിട്ടും നമുക്ക് മനസ്സിലായില്ലെന്നത് ഖേദകരമാണ്.

2. പരിക്കുപറ്റാനുള്ള സാധ്യത ഓടുന്ന പട്ടിയുടെ വാലില്‍ മറ്റു മൃഗങ്ങള്‍ പിടിക്കുക എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. മറ്റിനം നായകള്‍ വാല് ഉയര്‍ത്തിപിടിക്കുകയോ ചുരുട്ടുകയോ ചെയ്യുമ്പോള്‍ ചിലതരം നായകള്‍ വാല്‍ നീട്ടി തന്നെ ഓടുന്നു. ആ വാലില്‍ പിടിക്കുമെന്ന പ്രശ്നം വാല്‍ മുറിക്കുവാന്‍ കാരണം ആണെന്ന് വാടിക്കുന്നതിനോട് യോജിക്കാന്‍ വയ്യ. കാലിനു നീളം കൂടിയതുകൊണ്ട് ഗ്രേ ഹൌണ്ടിന്റെയോ ഗ്രേറ്റ്‌ ഡേനിന്റെയോ കാല്‍ മുറിയ്ക്കാന്‍ പറ്റില്ലല്ലോ.

3.വേട്ടപ്പട്ടികള്‍ പല്ലപ്പോഴും വാലിനു മാത്രമല്ല കാലിനും തലയ്ക്കും പരിക്കുപറ്റി കാനാരുണ്ടല്ലോ. അതുപോലെ ജര്‍മ്മന്‍ ശേപ്പേഡിനെയും ബ്യൂസരോണ്‍ നായയേയും ചിലയിടത്ത് വേട്ടയ്ക്ക് ഉപയോഗിക്കുന്നു. അവയുടെ വാല്‍ മുറിയ്ക്കാറില്ല.

4. രണ്ടാഴ്ചയ്ക്കുള്ളില്‍ ആണ് വാല്‍ മുറിയ്ക്കുന്നത്. പെയിന്‍ ഷോക്ക്‌ മാത്രമല്ല മരണം വരെ സംഭവിച്ചിട്ടുണ്ട്. അവയ്ക്കും വേദന അറിയില്ലെന്ന് പറയുന്നത് വെറും വാദം മാത്രമാണ്. ഇന്‍ഫെക്ഷന്‍ വേണമെങ്കിലും സംഭവിക്കാം.
വാല്‍ മുറിയ്ക്കുന്ന ഇനം നായകളുടെ വാലില്‍ അധികം രോമമുള്ളതോ ചുരുട്ടിയോ ഉയര്‍ത്തിയോ വയ്ക്കുന്ന വാല്‍ ഉള്ളയിനമല്ല. ഏതാണ്ട് വടിപോലെയുള്ള വാല്‍ അഭംഗി ആണെന്ന് തോന്നുന്നവര്‍ ആ ഇനത്തെ ഒഴിവാക്കി വേറെ ഇനത്തെ വാങ്ങുന്നതാണ് നല്ലത്.

5.ചിലയിനം നായകള്‍ അതായത് ഡോഗോ അര്‍ജെന്റിന പോലെയുള്ള നായകള്‍ ഏതാണ്ട് പത്തു ശതമാനം ബധിരനായി ആണ് ജനിക്കുന്നത്. അതുകൊണ്ട് നായകളെ പോട്ടന്മാരായി മാറ്റാന്‍ കഴിയില്ലല്ലോ.

പട്ടിയുടെ വാല്‍ മുറിയ്ക്കല്‍ ചെവി കൂര്‍പ്പിക്കല്‍ (ഇയര്‍ ക്രോപ്പിംഗ്) എന്നിവ കോസ്മെറ്റിക് സര്‍ജറി ഇനത്തില്‍ പെടുത്തേണ്ട ശസ്ത്രക്രിയ ആണ്. പട്ടിയുടെ ജനിതക സ്വഭാവത്തില്‍ ഒരു ഗുണവും ഉണ്ടാകാതെ മുറിയ്ക്കുന്നത് അല്ലെങ്കില്‍ കൂര്‍പ്പിക്കുന്നത് ആണ് ഭംഗിയെന്ന് കരുതുന്ന ആളുകള്‍ക്ക് മനസ്സിന് സന്തോഷം ഉണ്ടാക്കാന്‍ മാത്രമുള്ള ഒരു കാര്യം. ഇതിനെ പ്രാകൃതം എന്ന് വേണം പറയാന്‍.

ചില കേന്നേല്‍ ക്ലബുകള്‍ ഇത്തരം ഡോക്കിംഗ് ചെയ്ത നായകളെ മാത്രം അംഗീകരിക്കും എന്നുള്ള നിയമം മാറ്റണം.

എന്റെ നാട്ടില്‍ ഒരു നാടന്‍ പട്ടിയുടെ വാല്‍മുറിച്ചു "നാടന്‍ ഡോബര്‍മാന്‍ " ആക്കിയ ചരിത്രം അറിയാം. ഇത്തരം സ്നോബുകള്‍ ക്രൂരതയാണ് കാണിക്കുന്നത് എന്നവര്‍ മറന്നു പോകുന്നു.

വിശ്വപ്രഭ ചൂണ്ടിക്കാണിച്ച ഒരു കാര്യം പ്രസക്തം ആണ്. വാല്‍ മൃഗങ്ങളുടെ ഓട്ടത്തിനിടയില്‍ ദിശ നിയന്ത്രിക്കാനും ബാലന്‍സ്‌ നിയന്ത്രിക്കാനും സഹായിക്കുന്നു. സംഭവം സത്യമാണ്. ചീറ്റപ്പുലി തന്നെ ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍ ഞാന്‍ ചില ജേര്‍ണലുകള്‍ വായിച്ചപ്പോള്‍ ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങളുടെ വാലുള്ളതും ഇല്ലാത്തതുമായ നായകളുടെ ഓട്ടവും ബാലന്‍സിങ്ങും പഠിച്ചപ്പോള്‍ കാര്യമായ വെത്യാസം ഒന്നും കണ്ടില്ലെന്നു അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ പഠനം നടത്തിയത് വാല്‍ വേണ്ട എന്നുവാദിക്കുന്നവര്‍ ആയതുകൊണ്ട് ഇതിന്റെ വിശ്വാസ്യത അറിയില്ല.

എന്തായാലും വാല്‍ മുറിച്ചതുകൊണ്ട് നായകള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നത് സത്യമാണ്.. അപ്പോള്‍ കേവലം സൌന്ദര്യം എന്ന ആപേക്ഷികമായ കാര്യത്തിന് വേണ്ടി ഇത്തരം ക്രൂരമായ രാക്ഷസീയത വേണമോ എന്ന് സ്വയം ചോദിച്ചു അതോഴിവാക്കുന്നതാണ് നല്ലത്. (എന്റെ ഗ്രേറ്റ്‌ ഡേനിന്റെ ചെവി ക്രോപ് ചെയ്യാത്തതിന്റെ പേരില്‍ പഴികേട്ട ദേഷ്യം ഇവിടെ തീര്‍ക്കട്ടെ)..

ഈയര്‍ ക്രോപ്പിങ്ങിനെപറ്റി പോസ്റ്റില്‍ പറയാഞ്ഞതുകൊണ്ടാണ് എഴുതാഞ്ഞത്.

ചെവിമടങ്ങിയിരിക്കുമ്പോള്‍ പ്രാണികള്‍ കയറാതിരിക്കുകയും തണുപ്പ് കാറ്റടിയ്ക്കുംപോള്‍ അല്പം ആയാസക്കുറവ് ഉണ്ടാകുകയും ചെയ്യും. ചെവി നേരെയിരിക്കുന്ന നായകള്‍ക്ക് പ്രശ്നമുണ്ടാകില്ലേ എന്നചോദ്യത്തിനു ഉണ്ടാവാം. പക്ഷെ ചെവി മടങ്ങിയ ഇനങ്ങള്‍ക്ക് കിട്ടുന്ന ഒരാനുകൂല്യം അങ്ങനെ ഇരിക്കട്ടെ എന്ന് മാത്രമേ പറയാനാവൂ. ചെവി ക്രോപ് ചെയ്തു കൂര്‍പ്പിക്കുമ്പോള്‍ നായകളുടെ മുഖത്ത്‌ അല്പം ക്രൌര്യത വരുന്നു എന്നത് വാസ്തവം ആണ്. ഒപ്പം അല്പം ഉയരക്കൂടുതല്‍ ഉള്ളതുപോലെ തോന്നുകയും ചെയ്യും. ഇതും രണ്ടും നായയ്ക്ക്‌ പ്രത്യേകം ഗുണം ചെയ്യുന്നില്ല. ഉടമയുടെ ചില തോന്നലുകള്‍ക്ക് വേണ്ടി ചെയ്യുന്നൂ എന്ന് വേണം പറയാന്‍.

ഇത്തരം നമ്മുടെ ചില താല്പര്യങ്ങള്‍ക്ക് വേണ്ടി മിണ്ടാപ്രാണികളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ക്കെതിരെയും മൃഗസ്നേഹികള്‍ പ്രതിഷേധിക്കണം.

ഇന്ന് കാളയോട്ടവും (മരമടി) ഡോഗ് ഫൈറ്റിങ്ങും നിരോധിച്ച പോലെ ഇത്തരം കാര്യങ്ങളും നിരോധിക്കേണ്ടിയിരിക്കുന്നു. ഓരോ രാജത്തും കര്‍ശനനിയമം വന്നാല്‍ അതാതു കേന്നേല്‍ ക്ലബുകള്‍ അതനുസരിച്ചേ മതിയാവൂ. അമേരിക്കയിലോട്ടു ഇന്ത്യയില്‍ നിന്ന് നായകളെ എക്സ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ട്‌ അമേരിക്കന്‍ കേന്നേല്‍ ക്ലബിന്റെ കാര്യം നമ്മള്‍ നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ കേന്നേല്‍ ക്ലബുകള്‍ തങ്ങളുടെ നിയമത്തില്‍ അല്ലെങ്കില്‍ നായകളുടെ സവിശേഷതകളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന് നേരിട്ട് ഇടപെടാം. കാരണം മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന്റെ അധീനതയില്‍ ആണല്ലോ. കേന്നേല്‍ ക്ലബുകള്‍ അപ്പോള്‍ ആ നിയമം അംഗീകരിച്ചേ മതിയാവൂ. (ഇന്ത്യയില്‍ പ്രവര്‍ത്തിക്കണം എങ്കില്‍)

നല്ല പോസ്റ്റ്‌. (ഡോക്കിങ്ങില്‍ ക്രോപ്പിങ്ങും വരും ... ബോബിംഗ് - വാല് മുറിക്കല്‍ , ക്രോപ്പിംഗ് ചെവി മുറിക്കല്‍ ഇവ രണ്ടും ചേര്‍ത്താണ് മുഴുവന്‍ ഡോക്കിംഗ്)

സ്നേഹത്തോടെ
(ദീപക് രാജ് )