Thursday, June 25, 2009

ബൂലോകവും എന്റെ വിശ്വാസവും.

post :ബൂലോകവും എന്റെ വിശ്വാസവും.പ്രിയ കനല്‍,

സാധാരണ ഗതിയില്‍ മത,രാഷ്ട്രീയ പോസ്റ്റുകള്‍ മുഴുവനായി വായിക്കാറില്ല. കമന്റുകള്‍ വളരെ അപൂര്‍വമായേ അത്തരം പോസ്റ്റുകളില്‍ ഇടാരുമുള്ളൂ. പ്രധാനകാര്യം പ്രസ്തുത വിഷയങ്ങളില്‍ അവഗാഹം കുറവാണ്. ഒപ്പം താല്‍പര്യവും. കാരണം ഇത് രണ്ടിന്റേയും ചര്‍ച്ചയുടെ ഫലം മിക്കപ്പോഴും എങ്ങുമെത്തില്ല. കാരണം താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് ചിന്തിക്കുന്നവനായാലും അതല്ല ചര്‍ച്ചയ്ക്ക് താല്പര്യം ഉള്ളവനായാലും വിഷയത്തിന്റെ അവസാനം തന്റെ ഇതുവരെയുള്ള മനോഗതി ചര്‍ച്ചയ്ക്ക് ശേഷം മാറ്റാനോ ചര്‍ച്ചയിലൂടെ മാറ്റാനോ താല്പര്യം കാട്ടാറില്ല. മതവും രാഷ്ട്രീയവും അത്രകണ്ട് അസ്ഥിയ്ക്കു പിടിക്കുന്ന അവസ്ഥ ധാരാളം പേരില്‍ ഉണ്ടാവാറുണ്ട് എന്നത് തന്നെ കാരണം.

ഈ അടുത്തകാലത്തായി അല്ലെങ്കില്‍ കുറെനാളായി ബ്ലോഗില്‍ ഈ രണ്ടുവിഷയത്തിലും ആണ് ഏറ്റവും വിവാദങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത്. ഈ രണ്ടുവിഷയവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റിന്റെ വിഷയം ആക്കാറില്ല. എന്നാല്‍ ഇത്തരം സംവാദം നടത്തുന്നവരെ വിശദമായി അപഗ്രഥിച്ച ഒരു പോസ്റ്റില്‍ കമന്റാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല എന്നതുകൊണ്ട്‌ ചെറിയ പ്രതികരണം നടത്തുന്നു. താങ്കള്‍ വളരെ വിശദമായി തന്നെ ഈക്കൂട്ടരെകുറിച്ച് എഴുതിയിട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ.

1. സ്വന്തം മാതാപിതാക്കളെക്കാള്‍ ദൈവത്തെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും നല്ലതുതന്നെ. അതിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുപോലെ ഒരു വിശ്വാസി മറ്റുമതങ്ങളെ പഠിക്കണം എന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് തന്നെ തന്റെ മുയലിനു മൂന്നു കൊമ്പു എന്ന് വിശ്വസിക്കുന്ന ഈ കൂട്ടര്‍ ചര്‍ച്ചയിലൂടെ തങ്ങളുടെ വിശ്വാസം എന്തായാലും മാറ്റാന്‍ ഒരുക്കമാവില്ല. അതുകൊണ്ട് തന്നെ തന്റെ ചിന്താധാരയുമായി ഏറെ വെത്യാസവും ചര്‍ച്ചയില്‍ ഒരുപക്ഷെ തന്റെ ചിന്തകളെയും വിശ്വാസങ്ങളെയും ഒരിക്കലും വിലമതിക്കില്ല എന്നുതോന്നുന്നയിടങ്ങളില്‍ നിന്ന് സ്വയം ഒഴിവാകുന്നതല്ലേ ബുദ്ധി. വിവരദോഷിയുമായി ഏറ്റുമുട്ടാതെ വഴിമാറി പോവുന്നവനല്ലേ നല്ല വിവരമുള്ളവന്‍. തന്റെ ആശയങ്ങളുമായി ചേരാത്തവന്‍ വിവരമില്ലാത്തവന്‍ എന്നല്ല ഇതിന്റെ അര്‍ത്ഥം. അനാവശ്യ വിവാദം ഒഴിവാക്കുക എന്നതുമാത്രം എടുത്താല്‍ മതി.

2.രണ്ടാമത് പറഞ്ഞത് ശത്രുവിന്റെ ശത്രു മിത്രം എന്നാ മാനദണ്ഡം നോക്കിയാണ്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ സ്വതന്ത്രമായ മത സ്വീകരണം നിയമം മൂലം സാധ്യം ആണെങ്കിലും മതം മാറ്റം പല സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതിനാല്‍ പലരും തങ്ങള്‍ ജനിച്ച വീട്ടിലെ അല്ലെങ്കില്‍ മാതാപിതാക്കളുടെ മതം സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാള്‍ പൂര്‍ണ്ണ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു ആ മതത്തില്‍ ജീവിക്കുകയാണ് എന്ന് പറയുക വയ്യ. അങ്ങനെ ജീവിക്കുന്നവര്‍ ഉണ്ടാകാം. ഇല്ലാതെയുമിരിക്കാം. അഥവാ എപ്പോഴെങ്കിലും മതം മാറണം എന്ന് തോന്നി മാറിയാല്‍ ഉണ്ടാകുന്ന പുകില് സാക്ഷാല്‍ മാധവിക്കുട്ടി തന്നെ അനുഭവിച്ചതാണല്ലോ. യുക്തിവാദികള്‍ നല്ലൊരു ശതമാനം നിരീശ്വരവാദികള്‍ കൂടി ആയതുകൊണ്ട് അവരോടു അത്തരം ചര്‍ച്ചയ്ക്ക് പോകാതിരിക്കുന്നതല്ലേ ഉചിതം. എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്നൊരു വാചകം മൂസയ്ക്ക് ഓര്‍മ്മകാണുമല്ലോ. ഇനി അഥവാ യുക്തിവാദികള്‍ ബലമായി മതം മാറ്റത്തിനോ അല്ലെങ്കില്‍ മത അവഹേളനത്തിനോ ശ്രമിച്ചാല്‍ നമ്മുക്ക് പ്രതികരിക്കമല്ലോ. ഇന്നും ഭാരതത്തില്‍ യുക്തിവാദികള്‍ മറ്റേതു മതത്തെക്കളും ന്യൂനപക്ഷമാണ്. ഒപ്പം മറ്റു ന്യൂനപക്ഷങ്ങളെ പോലെയല്ലല്ലോ അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനവും കുറവല്ലേ.

3. താങ്കള്‍ പറഞ്ഞ ഈ മൂന്നാമത്തെ കൂട്ടര്‍ താരതമ്യേന അപകടകാരികള്‍ അല്ലല്ലോ. ഒരേപോലെ വിശ്വാസികളോടും യുക്തിവാദികളോടും പ്രതികരിക്കുന്ന ഇവരില്‍ ചിലരെങ്കിലും സമദൂരവും പാലിക്കുന്നവര്‍ ഉണ്ടെന്നു മൂസ വിശ്വസിക്കുമല്ലോ. ഒരുപക്ഷെ മൃദുവാദികള്‍ എന്നും വിളിക്കാവുന്ന ഇവര്‍ ചര്‍ച്ചകളിലോ പ്രശ്നങ്ങളിലോ അത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് കരുതുക വയ്യ. എന്നാല്‍ അല്പം ഞരമ്പുരോഗം കൂടി ഇവരില്‍ ഉണ്ടെങ്കില്‍ രണ്ടുകൂട്ടരെയും തമ്മിലടിപ്പിക്കാന്‍ ഇവര്‍ കൂടിയെന്ന് വരും.

4.ഈ കൂട്ടര്‍ യുക്തിവാദികള്‍ക്ക് എതിരാണെന്ന് മൂസ സമ്മതിക്കുന്നല്ലോ. വിവരവും വിദ്യാഭാസവും മതബോധവും ഉള്ള ഇക്കൂട്ടര്‍ ഒരുപക്ഷെ സംയമനവും നല്ലപോലെ ഉള്ളവരാകും.ഇവരും പ്രശ്നക്കാര്‍ ആകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതില്‍ അത്ര ആത്മനിയന്ത്രണം ഇല്ലാത്തവര്‍ പ്രശ്നക്കാര്‍ ആയേക്കാം.

5. യുക്തിവാദികളും മനുഷ്യവാദികള്‍ അതായത് മനുഷ്യനാണ് ദൈവത്തെക്കാള്‍ കേമന്‍ എന്ന് പറയുന്നവന്‍ നിരീശ്വരവാദികള്‍ "ശാസ്ത്രകൊജ്ഞ്ഞാണെന്‍മാര്‍" തുടങ്ങിയവര്‍ ഇതില്‍പ്പെടും. എന്നാല്‍ മനുഷ്യത്വം എന്നുള്ളവര്‍ മറ്റുള്ളവരെ ആക്ഷേപിക്കാന്‍ പോകില്ല. കാരണം തന്റെ വിശ്വാസം ശരിയാണ് എന്ന് തോന്നുന്നവര്‍ അത് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവന്റെ തെറ്റ്കളെയോ വിശ്വാസങ്ങളെയോ ആക്ഷേപിക്കാന്‍ മുതിരില്ല. വിമര്‍ശനം എന്നാല്‍ ആക്ഷേപിക്കല്‍ ആണെന്ന് കരുതുന്നവന്റെ യുക്തിയും എനിക്ക് മനസ്സിലാകില്ല. എന്നാല്‍ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ സൌമ്യമായ നിലപാട്‌ എടുക്കുന്നവര്‍ യുക്തിവാദികള്‍ ആയിത്തന്നെ ധാരാളം ഉണ്ടല്ലോ. അവരൊന്നും ഇതത്ര എതിര്‍പ്പുകളും നേരിടേണ്ടി വരുന്നില്ല. അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് മിതവാദികള്‍ ആയ യുക്തിവാദികള്‍ പ്രശ്നക്കാരല്ല എന്നാണു.

ഇതിന്റെ ആകത്തുക വിശ്വാസി ആയാലും യുക്തിവാദി ആയാലും ഇനി സമദൂരക്കാരന്‍ ആയാലും മൃദുവാദി ആയി പ്രശ്നത്തെ നേരിട്ടാല്‍ സ്വന്തം തടികെടാകാതെയും കൂടുതല്‍ വാചാടോപങ്ങള്‍ നടത്തി വിദ്വേഷം സമ്പാദിക്കാതെയും ജീവിക്കാം. ഇനി ഈ മൂന്നുകൂട്ടരിലും മൃദുവാദം കൈവെടിഞ്ഞു തീവ്രവാദ സ്വഭാവത്തോടെ പ്രശ്നങ്ങളെ നേരിട്ടാല്‍ തിരിച്ചും അങ്ങനെ തന്നെ അനുഭവിക്കേണ്ടി വരും.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രതിഫലനങ്ങളെയും കുറിച്ച് താങ്കള്‍ എഴുതിയത് സുസ്ത്യര്‍ഹമാണ്. മതവിശ്വാസികളും യുക്തിവാദികളും അടങ്ങുന്നതാണ് ഈ സമൂഹം. ആര്‍ക്കും ആരെയും പൂര്‍ണമായി തിരുത്തി ജീവിക്കാന്‍ കഴിയില്ല. കഴിയുന്നതാകട്ടെ സ്വയം തിരുത്താനും. എല്ലാവരും സ്വയം തിരുത്തി ജീവിച്ചാല്‍ അത് സമൂഹത്തിന് തന്നെയാണ് മെച്ചം.

ഏതോ ഒരു ശക്തിയെ, അതിനെ ദൈവമെന്നു വിളിക്കണോ എന്നുപോലും എനിക്കറിയില്ല. പക്ഷെ ഒന്നുണ്ട് എന്ന് പലതവണ എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. പല അവസരങ്ങളില്‍ ആ അദൃശ്യശക്തിയെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മണം രുചി എന്നിവ താരതമ്യപ്പെടുത്തി വിശദീകരിക്കാമെങ്കിലും ഈ ശക്തിയെ അങ്ങനെയും വിശദീകരിക്കാനാവില്ല. എന്നാല്‍ അങ്ങനെ ഒന്നും ഇല്ലാ എന്ന് വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യമായി കണ്ടു അവരോടു ദേഷ്യം വരാതെയിരിക്കാനും പൂര്‍ണ്ണവിശ്വാസിയെ അയാള്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിച്ചു അയാളെയും അംഗീകരിക്കാനും എനിക്കിന്ന് കഴിയുന്നുണ്ട്. എന്റെ കഴിവാണ് എന്നവകാശമില്ല പക്ഷെ ഈ മുപ്പത്തി രണ്ടു വര്‍ഷത്തെ ഊര്തെണ്ടലിലൂടെയും പല മനുഷ്യരെയും അവരുടെ ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈ ചെറിയ ജീവിതത്തില്‍ വിദ്വേഷം പേറി ജീവിക്കുമ്പോള്‍ കിട്ടുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി നശിപ്പിക്കുന്നത് സ്വന്തം മനസിനെയും ശരീരത്തിനെയും ആണെന്ന തിരിച്ചറിവും.

ഈ നല്ല പോസ്റ്റിനു നന്ദി പറയുന്നു. ഒരുപക്ഷെ ഒരു പോസ്റ്റ്‌ വളരെ തവണ വായിച്ചത് ഞാന്‍ ബൂലോഗത്ത് വന്നതിനു ശേഷം ആദ്യമായാണ്. അല്ലെങ്കില്‍ ഇത്രതവണ വായിച്ച വേറെ പോസ്റ്റ് ഇല്ലായെന്ന് പറയാം. ഒപ്പം എന്റെ മനസ്സ് നിറഞ്ഞു ഒരു കമന്റും ഇടാന്‍ കഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ ഈ കമന്റ് ഇഷ്ടമായില്ലെങ്കില്‍ തീര്‍ച്ചയായും ഡിലീറ്റ്‌ ചെയ്യുക.

സ്നേഹപൂര്‍വ്വം
(ദീപക് രാജ് )

4 comments:

കനല്‍ said...

നന്ദി ദീപക്,
അവസാനം പറഞ്ഞ ആ വാചകം അങ്ങട് സുഖിച്ചിട്ടില്ല.
ഞാന്‍ എന്റെ ബ്ലോഗിലെ ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല. വിമര്‍ശനങ്ങളെ പോലും ബഹുമാനിക്കുന്ന ഞാന്‍ എങ്ങനെ അല്പം പോലും എന്റെ ചിന്തകളെ വിമര്‍ശിക്കാത്ത ഈ കമന്റ് ഡിലീറ്റ് ചെയ്യും.
വിശദമായ കമന്റിനും അഭിപ്രായത്തിനും എന്റെ പോസ്റ്റിന്റെ ലിങ്കിനും ഒരിക്കല്‍ കൂടി നന്ദി!

Junaiths said...

താന്‍ പിടിച്ച മുയലിനു മൂന്നു കോമ്പെന്നു മാത്രമല്ല ചിലപ്പോള്‍ അത് പട്ടിയാണെന്നു വരെ പറഞ്ഞു കളയും ചില പഹയന്മാര്‍...

സന്തോഷ്‌ പല്ലശ്ശന said...

ബ്ളോഗ്ഗു വായന അതിഗൌരവത്തോടെ കാണുകയും സൃഷ്ടികളെ ഗൌരവത്തോടും ആത്മാര്‍ത്ഥമായും വിലയിരുത്തുകയും ചെയ്യുന്ന ദീപക്കിന്‍റെ നല്ല മനസ്സിനെ അഭിനന്ദിക്കട്ടെ...തുടരുക ....

Sureshkumar Punjhayil said...

:)